ബജറ്റ് 2025-2026

പ്രാരംഭ ബാക്കി 2,02,50,269 രൂപ ഉൾപ്പെടെ പ്രതീക്ഷിത വരവ്  35,43,03169 രൂപയും ചെലവ് 34,34,64,900 രൂപയും  ബജറ്റിൽ നീക്കിയിരുപ്പായി 1,08,38,269 രൂപയും പ്രതീക്ഷിക്കുന്ന തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ 2025-26 വർഷ'ത്തെ  ബഡ്ജറ്റ് അവതരിപ്പിച്ചു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ മഹാത്മാഗാന്ധി മുന്നോട്ടുവച്ച ഒരു സവിശേഷ ഗ്രാമീണ പുനർനിർമ്മാണ ആശയമാണ് ഗ്രാമ സ്വരാജ് - സ്വാശ്രയ ഗ്രാമം എന്ന ആശയം. വ്യക്തികളെ സാമ്പത്തിക വ്യവസ്ഥയുടെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്ന ഒരു സമൂഹത്തിന്റെ സമഗ്ര വികസനത്തിലാണ് പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗ്രാമ സ്വരാജ് എന്ന അദ്ദേഹത്തിന്റെ ആശയം ഗ്രാമീണ പുനർനിർമ്മാണത്തിന്റെ ബദൽ മാതൃകകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഗ്രാമ സ്വരാജ് ഒരു ആദർശ വികസന സമീപനമായി കണക്കാക്കപ്പെടുന്നു,  സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ആസൂത്രകരും നയരൂപീകരണക്കാരും വ്യക്തിയുടെ  ധാർമ്മികവുമായ മൂല്യങ്ങളെക്കാൾ സാമ്പത്തിക വികസനത്തിന് ഊന്നൽ നൽകി. മറുവശത്ത്, സുസ്ഥിര വികസനത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നതിനനുസരിച്ച്, മനുഷ്യന്റെ മൊത്തത്തിലുള്ള വികസനത്തിന് പ്രാധാന്യം നൽകിയ സമീപനമായതിനാൽ, ഗാന്ധിയൻ ഗ്രാമ സ്വരാജ് എന്ന ആശയം പ്രാധാന്യം നേടി.

സാമ്പത്തിക വികസനത്തിന്റെ കേന്ദ്രബിന്ദുവായി ഗ്രാമപഞ്ചായത്ത് വഴി വ്യക്തിക്ക് അധികാരം നൽകുന്ന വികേന്ദ്രീകരണം വ്യക്തിഗതമാണെന്ന് ഗാന്ധി വിശ്വസിച്ചു. അതനുസരിച്ച്, ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമ സ്വരാജ് 'പഴയ ഗ്രാമ പഞ്ചായത്തുകളുടെ പുനരുജ്ജീവനമല്ല, മറിച്ച് ഇന്നത്തെ ലോകത്തിന്റെ പശ്ചാത്തലത്തിൽ സ്വരാജിന്റെ സ്വതന്ത്ര ഗ്രാമ യൂണിറ്റുകളുടെ പുതിയ രൂപീകരണമാണ്. അതിനാൽ, ഗ്രാമ സ്വരാജിൽ, തീരുമാനമെടുക്കുന്നതിൽ നേരിട്ട് ശബ്ദമുണ്ടാകുന്നതിനായി വ്യക്തികൾക്ക് രാഷ്ട്രീയ അധികാരം വികേന്ദ്രീകരിക്കുന്നതിലാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനാൽ, ഓരോ വ്യക്തിയും സ്വന്തം സർക്കാരിന്റെ ശിൽപിയാകുന്ന വികേന്ദ്രീകൃത രാഷ്ട്രീയ അധികാരത്തെക്കുറിച്ച് അദ്ദേഹം സ്വപ്നം കണ്ടു.

അങ്ങനെ, ഗ്രാമ സ്വരാജിൽ, സമൂഹത്തിൽ സന്തോഷവും ഐക്യവും കൈവരിക്കുന്നതിനുള്ള വ്യക്തിഗത ലക്ഷ്യങ്ങളുടെ സമഗ്രമായ വികസനത്തിൽ ഗാന്ധി ശ്രദ്ധ കേന്ദ്രീകരിച്ചു. ഗ്രാമ സ്വരാജിന്റെ ആശയത്തിൽ, മനുഷ്യന്റെ സാമ്പത്തിക വികസനത്തിനും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ വികസനത്തിനും അദ്ദേഹം ഊന്നൽ നൽകി.

ഇന്ത്യ നഗരങ്ങളിലല്ല, ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. ഗ്രാമീണ പുനർനിർമ്മാണം ഗ്രാമപ്രദേശങ്ങളെ ചൂഷണം ചെയ്യാതിരിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭൗതിക നേട്ടങ്ങളേക്കാൾ ധാർമ്മികവും ധാർമ്മികവുമായ മൂല്യങ്ങൾ പ്രധാനമാണ്. സർവോദയം - എല്ലാവരുടെയും ക്ഷേമം സ്വദേശി ഉൽപ്പന്നങ്ങളുടെ പ്രചാരണവും ഉപയോഗവും ചെറുകിട, കുടിൽ വ്യവസായങ്ങളിലൂടെ ഗ്രാമ വ്യവസായവൽക്കരണം. ഓരോ വ്യക്തിയും രാജ്യത്തോടുള്ള കടമ നിർവഹിക്കണം. തീരുമാനമെടുക്കൽ ജനങ്ങളുടെ കൈകളിലായിരിക്കണം.ഈ ലക്ഷ്യങ്ങളാണ് ഗ്രാമസ്വരാജിലൂടെ ഗാന്ധിജി കണ്ട സ്വപ്നം. താഴെത്തട്ടിലുള്ള ആസൂത്രണ പ്രക്രിയ വർത്തമാനകാലത്ത് ഗ്രാമീണ സ്വരാജിന്റെ പ്രസക്തി വർദ്ധിപ്പിച്ചു വരുന്നത് നമുക്ക് ദൃശ്യമായി കാണാം.

രാജ്യത്തിന്റെ വളര്‍ച്ചക്കുള്ള ഊർജജം  നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധി കണ്ടെത്തിയത് സ്വയം പര്യാപ്ത ഗ്രാമങ്ങളില്‍ നിന്നും അധികാര വികേന്ദ്രീകരണ പ്രക്രിയകളിൽ നിന്നുമായിരുന്നു എന്നത് ഇവിടെ ശ്രദ്ധേയമാണ്.

ഇന്ത്യയുടെ ആത്മ്മാവ് ഗ്രാമങ്ങളില്‍ കുടികൊള്ളുന്നുവെന്ന് പറഞ്ഞ മാഹാത്മ ഗാന്ധിയുടെ ആശയങ്ങളാണ്` ഇന്ന് നാം ആസൂത്രണം ചെയ്യുന്ന ഗ്രാമീണ വികസന പദ്ധതികളുടെ അടിസ്ഥാന തത്വം.

1942 ൽ ഗാന്ധിജി തന്‍റെ ഒരു ലേഖനത്തിൽ ഇങ്ങിനെ രേഖപെടുത്തുകയുണ്ടായി.

വികേന്ദ്രീകൃത വ്യവസ്ഥയുടെ ഏറ്റവും താഴ്ന്ന യൂണിറ്റ് ഗ്രാമമായതിനാൽ, സ്ത്രീകളടക്കം എല്ലാവർക്കും തീരുമാനമെടുക്കൽ പ്രക്രിയയിൽ നേരിട്ട് പങ്കെടുക്കാൻ അനുവദിക്കുന്നത്രയും രാഷ്ട്രീയമായി ചെറുതായിരിക്കണം ഒരു ഗ്രാമം, ഗ്രാമപഞ്ചായത്തിന്‍റെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനും വിമർശിക്കാനും അംഗീകരിക്കാനും നിരസിക്കാനും അതിന്‍റെ പുരോഗതി വിലയിരുത്താനും സ്ത്രീകൾ, പാർശ്വവത്കരിക്കപ്പെട്ടവർ, സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവർ എന്നിവർക്കെല്ലാം തുല്യ അവസരം ലഭ്യമാകണം. ഇതുവഴി ഗ്രാമത്തിന്‍റെ സാമ്പത്തിക വികസനത്തിനുതകുന്ന പ്രാദേശിക വിഭവങ്ങൾ തിരിച്ചറിയാനും ഉപയോഗപ്പെടുത്താനും പഞ്ചായത്തുകൾക്ക് കഴിയും. ഈ രീതിയിൽ, പങ്കാളിത്ത ജനാധിപത്യത്തിന്‍റെയും സാമ്പത്തിക സ്വയംഭരണത്തിന്‍റെയും അടിസ്ഥാന സ്ഥാപനമായി ഗ്രാമ പഞ്ചായത്ത് പ്രാദേശിക സർക്കാറായി മാറണം.

കേരള പഞ്ചായത്ത് രാജ് ആക്ട് 1994
ആസൂത്രിത ഗ്രാമവികസനത്തിനും തദ്ദേശഭരണ കാര്യങ്ങളില്‍ വര്‍ദ്ധിച്ച തോതിലുള്ള ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും ഉദ്ദേശിച്ചു കൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ 73-ാം ഭേദഗതി പ്രകാരം  നിര്‍മ്മിക്കപ്പെട്ടതാണ് 1994ലെ കേരള പഞ്ചായത്ത് രാജ് നിയമം. ഈ നിയമത്തിന് 1995ല്‍ ചില ഭേദഗതികള്‍ വരുത്തുകയുണ്ടായി. അനന്തരം 1999ല്‍ അധികാര വികേന്ദ്രീകരണ (സെന്‍) കമ്മിറ്റിയുടെയും ഒന്നാം സംസ്ഥാന ധനകാര്യകമ്മീഷന്‍റെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ആകെയുള്ള 285 വകുപ്പുകളില്‍ 105-ഓളം വകുപ്പുകളില്‍ സമഗ്രമായ ഭേദഗതികളും വരുത്തുകയുണ്ടായി. സര്‍ക്കാരിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേലുണ്ടായിരുന്ന ഒട്ടുമിക്ക നിയന്ത്രണങ്ങളും ഉപേക്ഷിച്ചുവെന്നതാണ് ഈ ഭേദഗതി നിയമത്തിന്‍റെ പ്രത്യേകത. 2000-ല്‍ പഞ്ചായത്ത് രാജ് നിയമം വീണ്ടും ഭേദഗതി ചെയ്ത് സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്ന വാര്‍ഡ് വിഭജനം, സംവരണ നിര്‍ണ്ണയം തുടങ്ങിയ അധികാരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുകയുണ്ടായി. കൂടാതെ 35 അനുബന്ധനിയമങ്ങളിലും ഭേദഗതി വരുത്തികൊണ്ട് അധികാര വികേന്ദ്രീകരണം പൂര്‍ണ്ണമായി നടപ്പിലാക്കിയതോടെ പഞ്ചായത്തുകൾ പ്രാദേശിക സർക്കാറുകളായി മാറി.

തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ 2025-26 വാർഷിക ബഡ്ജറ്റ് അവതരിപ്പിക്കുന്ന ഈ ഘട്ടത്തിൽ മഹാത്മ ഗാന്ധിയുടെ ഈ ഒരു വാചകം ശ്രദ്ധേയമാണ് -
നിങ്ങള്‍ എന്തെങ്കിലും പുതിയതായി ചെയ്യുന്നുണ്ടെങ്കില്‍ ആദ്യം സമൂഹത്തിലെ ഏറ്റവും ദരിദ്രനായ ഒരു മനുഷ്യന്‍റെ മുഖം മനസ്സില്‍ സ്മരിക്കുക,എന്നിട്ട് തന്നോട് തന്നെ ചോദിക്കുക,താന്‍ ചെയ്യാന്‍ പോകുന്ന ഈ പ്രവര്‍ത്തി ദരിദ്രനായ ഈ മനുഷ്യന്‍റെ ജീവിതത്തില്‍ എന്തെങ്കിലും പുരോഗതി വരുത്തുമോ എന്ന്. ഈ രീതി ശാസ്ത്രത്തിലാണ് വികസനാസൂത്രണം നടക്കേണ്ടതെന്ന മഹാത്മ ഗാന്ധിയുടെ സന്ദേശം  ഇവിടെ പ്രസക്തമാണ്.
കഴിഞ്ഞ നാല് വാർഷിക ബജറ്റുകളിലും പ്രഖ്യാപിച്ച വികസന ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ ഗ്രാമത്തിന് വലിയ മുന്നേറ്റമാണ് പ്രകടമായിട്ടുളളത്.ഈ ഭരണ സമിതിയുടെ കാലത്തെ അവസാന ബജറ്റായതിനാൽ കഴിഞ്ഞ നാല് വർഷത്തെ വികസന നേട്ടങ്ങളെ  ഇവിടെ സ്മരിക്കുന്നു.

നാൽപ്പത് വർഷത്തിലധികം കാലപഴക്കമുണ്ടായിരുന്ന ഹോമിയോ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം, വഴിയോര വിശ്രമകേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ പബ്ളിക്ക് ബ്ലോക്ക് കെട്ടിടം, സ്വന്തമായി കെട്ടിടമില്ലാതിരുന്ന  അങ്കണവാടികൾക്ക് പുതിയ കെട്ടിടം, ആനക്കാംപൊയിൽ ഗ്രാമ പഞ്ചായത്ത്  എൽ.പി സ്കൂളിന് പുതിയ പാചകപുര, സമവായ ഗ്രാമം പരിപാടിയുടെ ഭാഗമായി ഫ്രണ്ട് ഓഫീസിൽ ഹെൽപ്പ് ഡെസ്ക്, ഗ്രാമ അദാലത്ത്, ഭവന രഹിതക്കർക്ക് 100 ലധികം വീടുകൾ, ഹരിത കർമ്മ സേനക്ക് വാഹനം, ജൈവവള നിർമ്മാണ യൂണിറ്റ്, എം.സി.എഫ് വിപുലീകരണം, എം.ആർ.എഫ് ഏറ്റെടുത്തു, 1300 ലധികം വീടുകൾകളിലേക്ക് ബൊക്കാഷി ബക്കറ്റ്, വയോശ്വാസ് വയോജനക്ഷേമപദ്ധതി, ഒപ്പം ഭിന്നശേഷി വിഭാഗത്തിന് ഇലട്രോണിക്ക് വീൽചെയർ ഉൾപ്പെടെയുള്ള സഹായ ഉപകരണങ്ങൾ,300 ലധികം തെരരുവ് വിളക്കൾ, സോളാർലാം ബുകൾ, കാർഷിക മേഖലയിൽ സമഗ്ര പദ്ധതികൾ, പോത്തുക്കുട്ടി വിതരണം, അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതിയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കോഴികളെ നൽകി, അങ്കണവാടികൾ ശിശു സൗഹ്യദ ക്രാഡിൽ അങ്കണവാടികളാക്കി, പാലിയേറ്റീവ് പദ്ധതിക്ക് കൂടുത തുക അനുവദിച്ചു, മുത്തപ്പൻ പുഴ അംബേദ്ക്കർ നഗർ കുടിവെള്ള പദ്ധതി, ജൽ ജീവൻ പദ്ധതിക്ക് വാട്ടർ ടാങ്കിനായി സ്ഥലം വാങ്ങി നൽകി, പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ്, സ്കോളർഷിപ്പ്, സ്കൂൾ വിദ്യാർത്ഥിക്ക് പ്രഭാത ഭക്ഷണ പദ്ധതി, പാതിരാമണ്ണിൽ സ്റ്റേഡിയം, ജലാശയ സംരക്ഷണ പ്രവൃത്തികൾ, തിരുവമ്പാടി ടൗണിലെ വെള്ളക്കെട്ട് മാറ്റൽ പദ്ധതി, ഗ്രാമ പഞ്ചായത്ത് എൽ പി സ്കൂളുകൾക്ക് ബെഞ്ചും മേശയും, പുതിയ റോഡുകൾ, നിരവധി റോഡുകളുടെ പുനരുദ്ധാരണം തുടങ്ങി നിരവധി പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ നമുക്ക് സാധിച്ചത് അഭിമാനകരമായ നേട്ടമാണ്.

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഗ്രാൻറുകളും പദ്ധതി വിഹിതങ്ങൾക്കു പുറമേ പഞ്ചായത്തിൻ്റെ തനത് വരുമാനം വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ നാല് വർഷം കാര്യക്ഷമമായി  നമ്മൾ നടത്തിയതിലൂടെ തനത് വരുമാനം വർദ്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. നികുതിയിനത്തിൽ 1,67,50000 രൂപയും നികുതിയേതര വരുമാനമായി 1,25,90000 രൂപയും ആകെ തനത് വരുമാനമായി 2,93,40,000 രൂപയും ജനറൽ പർപ്പസ് ഗ്രാൻ്റ് ഇനത്തിൽ 2,0,13,4000, റവന്യൂ ഗ്രാൻ്റ് - പദ്ധതി വിഹിതമായി 17,29,45,904 പദ്ധതിയേതര റവന്യൂ 8 കോടിയും പ്രാരംഭ ബാക്കി ഉൾപ്പെടെ 35,43,03169 രൂപയാണ് വരുമാനമായി പ്രതീക്ഷിക്കുന്നത്.

കാർഷിക കുടിയേറ്റ മേഖലയാണ് നമ്മുടെ  തിരുവമ്പാടി ഇവിടത്തെ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന കർഷക സമൂഹം വലിയ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടാണ് മുന്നോട്ടുപോകുന്നത്.കാട്ടുമൃഗങ്ങളുടെ ആക്രമണവും കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവും രോഗങ്ങളും പ്രതിസന്ധി തീർക്കുകയാണ്. അവരെ ഈ മേഖലയിൽ പിടിച്ചുനിർത്താൻ ഈ മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന നൂതനവും - സമഗ്രവുമായ പദ്ധതികൾക്കാവശ്യമായ വകയിരുത്തലുകൾ ഈ ബജറ്റിൽ നടത്തിയിട്ടുണ്ട്.

നെൽകൃഷി വികസനം, സമഗ്ര നാളികേര കൃഷി വികസനം ,പച്ചക്കറി കൃഷി വികസനം, സുഗന്ധവിള കൃഷി, കാട്ടുമൃഗങ്ങളിൽ നിന്നും കർഷകരേയും കൃഷിയേയും രക്ഷിക്കാൻ സോളാർ പെൻസിംഗ് ,ജൈവവേലി,ഗ്രീൻ നെറ്റ് ,വാഴ കൃഷി വികസനം,അഗ്രോ ഫാർമസി , കാർഷിക യന്ത്രവത്കരണത്തിന് സബ്സിഡി നൽകൽ ഉൾപ്പെടെയുള്ള മറ്റു കാർഷിക വികസന പരിപാടികൾ എന്നിവക്കായി 60,30,000 രൂപ വകയിരുത്തുന്നു.

തിരുവമ്പാടി ഗ്രാമത്തിലെ കർഷക കുടുംബങ്ങളിൽ  മൃഗസംരക്ഷണ -ക്ഷീരവികസന മേഖലയെ ധാരാളം കർഷകർ മുഖ്യ വരുമാന മേഖലയായി കണ്ടവരാണ്.

മൃഗസംരക്ഷണം, ക്ഷീരവികസനം, കാലിതീറ്റ വിതരണം,അടുക്കള മുറ്റത്തെ കോഴി വളർത്തൽ, രോഗനിയന്ത്രണം, അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം,തെരുവ് നായകളുടെ വന്ദ്യകരണം, പോത്തുകുട്ടി വിതരണം, ധാതു ലവണ മിശ്രിതം നൽകൽ, മൃഗാശുപത്രിയിലേക്ക് ആവശ്യമായ മരുന്ന് വാങ്ങൽ തുടങ്ങിയ പദ്ധതികൾക്കായി - 86,00000 രൂപ വകയിരുത്തുന്നു.

ഗ്രാമത്തിലെ തൊഴിൽ രഹിതരായ യുവതികൾക്കും - സ്ത്രീകൾക്കും വരുമാനം സൃഷ്ടിക്കാൻ ഉതകുന്ന സംരംഭകത്വ മേഖലയുടെ വികസനത്തിനായി 22.2 ലക്ഷം രൂപ വകയിരുത്തുന്നു.

മുപ്പത്തപ്പൻപുഴ മുതൽ തൊണ്ടിമ്മൽ വരെ നീണ്ടുകിടക്കുന്ന പ്രകൃതി രമണീയമായ മണ്ണായ  തിരുവമ്പാടിക്ക് ടൂറിസം മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയും.ഫാം ടൂറിസവും പ്രകൃതി ടൂറിസവും കോർത്തിണക്കിയും ടൂറിസത്തിന്റെ  അനന്തമായ സാധ്യതകളെ ഉപയോഗപെടുത്തി വരുമാനദായകമാറ്റി മറ്റാനുള്ള പദ്ധതികൾക്കായി 15,00000 രൂപ വകയിരുത്തുന്നു.

മത്സ്യ കൃഷിയിൽ വലിയ സാധ്യകൾ തുറന്നിടാൻ വേണ്ടി മുറ്റത്തൊരു മീൻ തോട്ടം പദ്ധതി നടപ്പാക്കാനായി 7,00000 രൂപ വകയിരുത്തുന്നു.

ഗ്രാമത്തെ  സ്വയം പരാപ്തമാക്കുകയും അതിലൂടെ കർഷകർക്കും കർഷക തൊഴിലാളികൾക്കും , സംരംഭകർക്കും വരുമാനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഉൽപാദന മേഖലയുടെ വികസനത്തിന് ആകെ - 1,89,30,000 രൂപയാണ് വകയിരുത്തിയത്.

ഒരു ഗ്രാമത്തിലെ പ്രാദേശിക സർക്കാറാണ് ഗ്രാമപഞ്ചായത്തുകൾ ഗ്രാമപഞ്ചായത്തിന്റെയും അതിന്റെ ഘടക സ്ഥാപനങ്ങളുടെയും ദൈനംദിന പ്രവർത്തനങ്ങൾക്ക് വേണ്ടിയും ഭരണ നവീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയും,സദ്ഭരണ പദ്ധതികൾക്കായും വലിയ വകയിരുത്തൽ ബജറ്റിൽ നടത്തിയിട്ടുണ്ട്.

ഘടക സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർവൽക്കരണം, സേവന ഗുണനിലവാരം   വർദ്ധിപ്പിക്കൽ, പൗരാവകാശരേഖ പുറത്തിറക്കൽ,പദ്ധതി രൂപീകരണം, ഹോണറേറിയം , ശമ്പളം,  ഫർണിച്ചറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങൽ , ഭരണനിർവഹണ ചിലവുകൾ, അനിവാര്യ ചുമതല നിർവ്വഹണം,ഹോമിയോ ഡിസ്പെൻസറി  ഐ എസ്. ഒ നിലവാരത്തിലേക്ക് ഉയർത്തൽ , എന്നിവക്കായി -3,14, 50,000രൂപ വകയിരുത്തുന്നു.

വിദ്യാഭ്യാസം -യുവജനക്ഷേമം- കല -കായികം -സംസ്കാരം  എന്നിവയുടെ വികസനത്തിനായി കാര്യമായ വകയിരുത്തൽ ബഡ്ജറ്റിൽ നടത്തിയിട്ടുണ്ട്.

സാക്ഷരതാ പ്രവർത്തനം, പ്രൈമറി വിദ്യാഭ്യാസം ,എസ്.എസ് എ വിഹിതം നൽകൽ, സ്കൂളുകൾക്ക് സ്പോട്സ് കിറ്റ്, ലൈബ്രറികൾ, യുവജനക്ഷേമം, പ്രഭാത ഭക്ഷണം നൽകൽ എന്നിവക്കായി 28,50,000 രൂപ വകയിരുത്തുന്നു.

ട്രാക്ക് സമഗ്ര കായിക വികസനം, ഫുട്ബോൾ നേഴ്സറി എന്നീ എവക്കായി 5 ലക്ഷം വകയിരുത്തുന്നു.

ഗ്രാമ പഞ്ചായത്തിന്റെ എല്ലാ പദ്ധതികളിലും യുവജനങ്ങൾക്ക് വലിയ പരിഗണന നൽകിയിട്ടുണ്ടെങ്കിലും  യുവജനങ്ങൾക്കായി ഗെയിംസ് ഫെസ്റ്റ് നടത്താനായി 2 ലക്ഷം വകയിരുത്തുന്നു.

നമ്മുടെ ആരോഗ്യ മേഖല വളരെയേറെ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ആരോഗ്യമേഖലക്ക് കൂടുതൽ കരുതൽ ആവശ്യമാണ്.വിവിധങ്ങളായ രോഗങ്ങളാൽ അവശത അനുഭവിക്കുന്നവർ പകർച്ചവ്യാധികൾ സൃഷ്ടിക്കുന്ന വെല്ലുവിളികൾ, ജീവിത ശൈലി രോഗ പ്രതിരോധ നിയന്ത്രണ പദ്ധതികൾ ഇവയ്കെല്ലാം ആവശ്യമായ ഇടപെടലുകൾ ബജറ്റിൽ ഉണ്ട് .

ഡിസ്പെൻസറികളുടെ വികസനം, പൊതുജനാരോഗ്യം, പ്രത്യേക ആരോഗ്യ പദ്ധതി,പാലിയേറ്റിവ് പദ്ധതി, മരുന്നുകൾ ലഭ്യമാക്കൽ, സമഗ്ര ആരോഗ്യ പദ്ധതി,ആരോഗ്യ കേന്ദ്രങ്ങളുടെ വികസനം, ജനകീയാരോഗ്യ കേന്ദ്രങ്ങൾക്ക് ലാപ്ടോപ്പ് നൽകൽ, ആയുർവേദ പരിചരണ പദ്ധതി, ഹോമിയോ ആശുപത്രിയിലേക്ക് മരുന്ന് വാങ്ങൽ , പകർച്ചവ്യാധി നിയന്ത്രണം,കുടുബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് നിയമിക്കുന്ന ഡോക്ടർ ലാബ് ടെക്നിഷൻ, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ് വേതനം നൽകൽ, കുടുംബാരോഗ്യകേന്ദ്രം നവീകരണം,വെൽനെസ് സെന്ററുകൾ,സ്നേഹ സ്പർശം പദ്ധതി,സമ്പൂർണ്ണ ക്യാൻസർ കെയർ പദ്ധതി തുടങ്ങിയ പദ്ധതികൾക്കായി - 78,50,000 രൂപ വകയിരുത്തുന്നു.

ഗ്രാമത്തിലെ ഭിന്നശേഷിക്കാർ,കുട്ടികൾ എന്നീ വിഭാഗത്തിന്റെ ക്ഷേമത്തിനായി ഭിന്നശേഷി സ്കോളർഷിപ്പ് പദ്ധതി, ഒപ്പം - ഭിന്നശേഷി വിഭാഗത്തിന് ഇലട്രോണിക്ക് വീൽ ചെയർ,ബഡ്സ് റിയാബിലിറ്റേഷൻ സെൻ്റർ,ഭിന്നശേഷി കലോത്സവം, ബാലസഭ പ്രവർത്തനം,കായിക പരിശീലനം, ഉൾപ്പെടെയുള്ള പദ്ധതികൾക്കായി - 35,00000 രൂപ വകയിരുത്തുന്നു.

അങ്കണവാടി പോഷകഹാര പദ്ധതിക്കായി - 55 ലക്ഷം വകയിരുത്തിയിരിക്കുന്നു.

ഗ്രാമത്തിലെ അങ്കണവാടികൾ ക്രാഡിൽ  അങ്കണവാടികളാക്കുന്നതിനും കെട്ടിട സൗകര്യം വർദ്ധിപ്പിക്കുന്നതിനും,അങ്കണവാടി വർക്കർ,ഹെൽപ്പ അഡിഷ്ണൽ ഹോണറേറിയം നൽകൽ എന്നിവക്കായി 43,83,000 ലക്ഷം രൂപ വകയിരുത്തുന്നു.

വിവിധ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി - 8.5 കോടി വകയിരുത്തുന്നു.

പട്ടികജാതി വികസന പദ്ധതികളായ വീട് വാസയോഗ്യമാക്കൽ,  വിവാഹ ധനസഹായം,സ്കോളർഷിപ്പ് , ലാപ്പ്ടോപ്പ് നൽകൽ, ലൈഫ് പാർപ്പിട പദ്ധതി  തുടങ്ങിയ പദ്ധതികൾക്കായി- 56,00000 ലക്ഷം രൂപ വകയിരുത്തുന്നു.

പട്ടിക വർഗ്ഗ വികസന പദ്ധതികളായ ഗോത്രസാരഥി, ട്രൈബൽ മെഡിക്കൽ ക്യാമ്പ് , ലാപ്ടോപ്പ് നൽകൽ ആയുർവേദ പരിചരണം,തുടങ്ങിയ പദ്ധതികൾക്കായി 47 ലക്ഷം രൂപയും വകയിരുത്തുന്നു.

*ജന്റർ ബജറ്റിലൂടെ സ്ത്രീ സൗഹൃദ ഗ്രാമം*

ജന്റർ ബജറ്റിലൂടെ സ്ത്രീ സൗഹൃദ ഗ്രാമം എന്ന ആശയം ഈ ബജറ്റിന്റെ പ്രധാന ആകർഷണമാണ്.

നമ്മുടെ ഗ്രാമത്തിലെ ജനസംഖ്യയുടെ പകുതിയലധികം  സ്ത്രീകളാണ് ഉള്ളതെന്ന് നമുക്കറിയാം. എന്നാൽ ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക അവസരങ്ങൾ മുതലായ പല സാമൂഹിക സൂചകങ്ങളിലും സ്ത്രീകൾ പുരുഷന്മാരേക്കാൾ വളരെ പിന്നിലാണ്. വിഭവങ്ങളുടെ ലഭ്യതക്കുറവും മറ്റു സാമൂഹിക ഘടകങ്ങളും കാരണം സ്ത്രീകൾ പലപ്പോഴും ഒരുപാട് പിന്തള്ളപെടാറുണ്ട്.  സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകുക എന്നത് പ്രാദേശിക സർക്കാർ എന്ന നിലയിൽ നമ്മുടെ കടമയാണ്.

ഇപ്പോഴും എല്ലാ മേഖലകളിലും ഒരേ ജോലിയ്ക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ വേതനമല്ല ലഭിക്കുന്നത്. ഇത്തരത്തിൽ വേതനത്തിൽ വരുന്ന പൊരുത്തക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജന്ററിലൂന്നിയ ബജറ്റിന് വലിയ പങ്കുണ്ട്. മൊത്തത്തിൽ പൊതു വിഭവങ്ങളുടെ വിഹിതം പുനഃക്രമീകരിക്കുക, സാമ്പത്തിക- സാമൂഹിക വിഷയങ്ങളിൽ സ്ത്രീകൾക്ക് അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കാൻ അവസരങ്ങൾ നൽകുക, സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിലുള്ള വിഭവങ്ങളുടെ വിതരണത്തിൽ തുല്യത ഉറപ്പാക്കുക എന്നീ പ്രാഥമിക ലക്ഷ്യങ്ങൾ ഈ ബജറ്റിലൂടെ നാം ലക്ഷ്യമിടുന്നു.

നമ്മുടെ ഗ്രാമത്തിൽ നടക്കുന്ന വികസന- ക്ഷേമ പ്രവർത്തനങ്ങളും അവയുടെ നേട്ടങ്ങളും പുരുഷന്മാരെപ്പോലെ സ്ത്രീകളിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ഈ ബജറ്റിൽ ശ്രമിച്ചിട്ടുണ്ട്.

തിരുവമ്പാടി എന്ന ഗ്രാമത്തിന്റെ നയങ്ങളുടെ നിർമാണത്തിലും, രൂപീകരണത്തിലും അവലോകനത്തിലുമെല്ലാം ലിംഗനീതിയുള്ള കാഴ്ച്ചപ്പാട് കൊണ്ടു വരാൻ ഈ ബജറ്റിൽ ശ്രമമുണ്ടെന്ന് എടുത്തു പറയട്ടെ. ഇത്തരത്തിൽ ലിംഗനീതി ഉറപ്പു വരുത്തുന്ന പ്രവർത്തനങ്ങൾ തുടർച്ചയായി പിന്തുടരുവാനുള്ള ഒട്ടേറെ പദ്ധതികളും,നിർദ്ദേശങ്ങളും  ഈ  ബജറ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് അഭിമാന പൂർവ്വം ഉണർത്തട്ടെ .

ബജറ്റിലെ എല്ലാ പദ്ധതികളിലും സ്ത്രീകൾക്ക് തുല്ല്യ പരിഗണന നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നിരുന്നാലും  വിനിതകളുടെ വികസനം, കുടുംബശ്രീ ശാക്തീകരണം, ജാഗ്രസമിതി പ്രവർത്തനം,കൗൺസിലിംഗ്,തൊഴിൽ പരിശീലനം, യോഗ പരിശീലനം, സ്ത്രീ സൗഹൃദ ഗ്രാമം നാപ്കിൻ വെൻഡിംഗ്‌ മെഷീൻ സ്ഥാപിക്കൽ തുടങ്ങി വനീതാ ശാക്തീകരണ പദ്ധതികൾക്ക് മാത്രമായി 57 ലക്ഷം രൂപ  വകയിരുത്തുന്നു.

ഗ്രാമത്തിൽ ഭവന രഹിതർക്ക് ഭവനം നിർമ്മിക്കുന്നതിനായി - 4.20 കോടി രൂപ വകയിരുത്തുന്നു.

-അതി ദാരിദ്ര്യ ഉപ പദ്ധതി, അഗതി ആശ്രയ വിഭാഗങ്ങൾക്ക് മരുന്ന് ഭക്ഷണം,തൊഴിലുപ്പ് പദ്ധതി ഉൾപ്പെടെയുള്ള ഭാരിദ്ര്യ ലഘുകരണ പദ്ധതികൾക്കായി - 3,75,00000 രൂപ വകയിരുത്തുന്നു.

ഗ്രാമത്തിലെ വയോജനങ്ങളുടെ ക്ഷേമത്തിയി വയോശ്വാസ് പദ്ധതി, പകൽ വീട് സജ്ജീകരണം, വയോ ക്ലബ്ബ് എന്നിവക്കായി 25,00000 രൂപ വകയിരുത്തുന്നു.

മാലിന്യ പരിപാലനരംഗത്ത് ഒട്ടേറെ മുന്നേറാനും മാതൃകാപരമായ പദ്ധതികൾ നടപ്പിലാക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. ഹരിതം ശുചിത്വം സുന്ദരം എന്ന സന്ദേശം ഉയർത്തി പിടിച്ച് കഴിഞ്ഞ വർഷ ബജറ്റിൽ പ്രഖ്യാപിച്ച ശുചിത്വോത്സവത്തിൻ്റെ ഭാഗമായി നമ്മുടെ തിരുവമ്പാടി ഇന്ന് മാലിന്യ മുക്ത ഗ്രാമമായി പ്രഖ്യാപിക്കുകയും, മാതൃകാ ശുചിത്വ പ്രവർത്തകരെ ആദരിക്കുകയും ചെയ്ത് ശുചിത്വ രംഗത്ത് അഭിമാനത്തോടെ നാം തല ഉയർത്തി നിൽക്കുകയാണ്. വീടുകളിൽ ബൊക്കാഷി ബക്കറ്റ്, ജിബിന്നുകൾ, റിംഗ് കമ്പോസ്റ്റ്, ഹരിത കർമ്മ സേന പ്രവർത്തനം, തിരുവമ്പാടി ടൗണിലെ, ജൈവളം ബ്രാന്റിംഗ്, എം.സി.എഫ് വിപുലീകരണം, എം.ആർ.എഫ് യന്ത്രവത്ക്കരണം എന്നീ പദ്ധതികൾക്കായി 58,00000 രൂപയും വകയിരുത്തുന്നു.

മലയോര മേഖലയായി ട്ടുള്ള തിരുവമ്പാടിയിൽ എക്കാലത്തെയും ഉയർന്ന ആവശ്യമാണ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം. റോഡുകളുടെ പുനരുദ്ധാരണത്തിനായി - 4 കോടി രൂപ വകയിരുത്തുന്നു.

റോഡുകൾ, നടപ്പാതകൾ,  ജലാശയങ്ങളുടെ നവീകരണം എന്നിവയുടെ നിർമ്മാണത്തിനായി -1 കോടി 10 ലക്ഷം രൂപ വകയിരുത്തുന്നു.

തിരുവമ്പാടിയിൽ ഹാപ്പിനെസ് പാർക്കും ഓപ്പൺ ജിംനേഷ്യവും സ്ഥാപിക്കാൻ 20 ലക്ഷം രൂപ വകയിരുത്തുന്നു.

വെട്ടം പദ്ധതിയുടെ ഭാഗമായി പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുവാനും, പഴയ വിളക്കുകൾ റിപ്പയർ ചെയ്യുവാനുമായി ഊർജ സംരക്ഷണം എന്നിവക്കായി 17 ലക്ഷം വകയിരുത്തുന്നു.

കാലാവസ്ഥാ വ്യതിയാനം, വെള്ളപൊക്കം , ദുരന്ത നിവാരണം പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ വകയിരുത്തുന്നു.

*ഗ്രാമത്തിന്റെ ആഘോഷങ്ങൾ ഇനി  'ഹരിതോത്സവങ്ങൾ'*

നമ്മുടെ ഗ്രാമത്തിൽ നടക്കുന്ന ഉത്സവങ്ങൾ,വിവാഹ ചടങ്ങുകൾ മറ്റു അഘോഷ പരിപാടികൾ എന്നിവിടങ്ങളിൽ നടക്കുന്ന സൽക്കാര ചടങ്ങുകളിൽ നിരോധിത പ്ലാസ്റ്റിക്ക് പാത്രങ്ങളുടെ ഉപയോഗം തടയുന്നതിനായി ഹരിത കർമ്മസേനയെ ശാക്തീകരിച്ച് ബദൽ സംവിധാനങ്ങൾ ഒരുക്കാനും മാലിന്യ മുക്ത ഗ്രാമം എന്ന നേട്ടം നില നിർത്താനുമായി 'ഹരിതോത്സവം - 2 ' എന്ന പേരിൽ മാതൃകാ പദ്ധതി നടപ്പാക്കാൻ 10 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

*പരിസ്ഥിതിയെ കരുതാൻ കാർബൺ ന്യൂട്രൽ ഗ്രാമം*

ശാസ്ത്രത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പ് നമ്മുടെ ജീവിത സൗകര്യങ്ങള്‍ ഏറെ മെച്ചപ്പെടുത്തിയപ്പോൾ വികസനത്തിനായുള്ള വ്യഗ്രതയില്‍ നമ്മുടെ പ്രകൃതിയും ചുറ്റുപാടുകളും നശിക്കുന്നതും ജീവവായു കളങ്കമാകുന്നതും അത് മൂലം ഭൂമിയിലെ നിലനില്‍പ്പ്‌ പോലും അപകടത്തിലാകുന്നതും നാം ശ്രദ്ധിക്കാതെ പോവുന്നു.

ജൈവമണ്ഡലത്തെ മുഴുവന്‍ വിഷലിപ്തമാക്കുന്ന മലിനീകരണ പ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിനും ജീവന്‍റെ സ്വാഭാവിക നിലനില്‍പ്പിനും ഭംഗം വരുത്തിക്കൊണ്ടിരിക്കു ഈ ഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണം നാം മുഖ്യ അജണ്ടയായി സ്വീകരിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ പരിസ്ഥിതിയില്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്ന ഒന്നായിരുന്നു  വലിയ വൃക്ഷങ്ങളും അപൂര്‍വ്വ സസ്യങ്ങളും ധാരാളമായി വളരുന്ന ഗ്രാമം . ജൈവവൈവിധ്യങ്ങളുടെ കലവറയായി ഇവ കരുതപ്പെട്ടു. ഇത്തരം ജൈവ വൈവിധ്യങ്ങളുടെ കലവറകളുടെ നാശം ജലസ്രോതസ്സുകളെ ദോഷകരമായി ബാധിച്ചു കഴിഞ്ഞു. 
കാര്‍ബണ്‍ഡയോക്‌സയിഡിന്‍റെ അളവിലുണ്ടായ വര്‍ധനവ് അന്തരീക്ഷ താപനില ഉയരാനും അതുമൂലം വിവിധ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും കാരണമാകുകയും
മണ്ണില്‍ അഴുകി ചേരാതെ കിടക്കുന്ന ഖരമാലിന്യങ്ങള്‍ പരിസ്ഥിതിയില്‍ ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ഇങ്ങനെ വിവിധ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം ഈ സ്ഥിതിയില്‍ തുടരുന്നത് ഭാവി തലമുറക്ക് മുമ്പിൽ നമ്മുടെ സ്വാഭാവിക പരിസ്ഥിതി തന്നെ നഷ്ടപ്പെടാന്‍ കാരണമായേകും.

അന്തരീക്ഷത്തിലെ ഓക്സിജന്‍റെ അളവ് കുറച്ചു കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന സാഹചര്യങ്ങൾ അപകടകരമാണ്.ഈ കാര്‍ബണ്‍ഡയോക്സൈഡ് തന്നെയാണ് വായുമലിനീകരണത്തിന് ഒരു പ്രധാന കാരണമാകുന്നതെന്ന് നാം തിരിച്ചറിന്നു.വിദൂരമല്ലാത്ത ഭാവിയിൽ ശുദ്ധമായ ഓക്സിജൻ ശ്വാസിക്കാൻ ഓക്സിജൻ പാർലറുകളെ ആശ്രയിക്കേണ്ട സ്ഥിതിയിലേക്കാണ് ലോകവും നമ്മുടെ ഗ്രാമവും പോകുന്നത്.ഇതിന് പരിഹാര മാർഗ്ഗമായി 'കാർബൺ ന്യൂട്രൽ ഗ്രാമം ' എന്ന പദ്ധതി പഠനം നടത്തി നടപ്പാക്കാൻ 10 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തുന്നു.

*പഞ്ചായത്തിരാജ് നിയമത്തിന്റെ മുപ്പതാണ്ട് സി.മോയിൻകുട്ടി സ്മാരകം*

ഇന്ത്യന്‍ ഭരണഘടനയുടെ 73-ാം ഭേദഗതി പ്രകാരം  നിര്‍മ്മിക്കപ്പെട്ട 1994ലെ കേരള പഞ്ചായത്ത് രാജ് നിയമം ആസൂത്രിത ഗ്രാമവികസനത്തിനും തദ്ദേശഭരണ കാര്യങ്ങളില്‍ വര്‍ദ്ധിച്ച തോതിലുള്ള ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിലേക്കും വഴി തുറന്നു.1999ല്‍ അധികാര വികേന്ദ്രീകരണ (സെന്‍) കമ്മിറ്റിയുടെയും ഒന്നാം സംസ്ഥാന ധനകാര്യകമ്മീഷന്‍റെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ആകെയുള്ള 285 വകുപ്പുകളില്‍ 105-ഓളം വകുപ്പുകളില്‍ സമഗ്രമായ ഭേദഗതികൾ വരുത്തി സര്‍ക്കാരിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേലുണ്ടായിരുന്ന ഒട്ടുമിക്ക നിയന്ത്രണങ്ങളും എടുത്തുമാറ്റിയതോടെ പ്രാദേശിക സർക്കാറുകൾക്ക് വലിയ അധികാരങ്ങൾ കൈവന്നു.കേരളത്തിൽ പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നിട്ട് 30 വർഷം പിന്നിടുന്ന ഘട്ടത്തിൽ ഒട്ടേറെ സാമ്പത്തീക പ്രതിസന്ധികളിലൂടേയാണ് ഗ്രാമ പഞ്ചായത്തുകൾ മുന്നോട്ട് പോകുന്നതെന്നത് ഒരു യാഥാർത്യമാണ്. പ്രാദേശിക സർക്കാറുകൾക്ക്  കൂടുതൽ അധികാരങ്ങൾ കൈവന്നതിന്റെ മുപ്പത് വർഷം അഭിമാനപൂർവ്വം നാം കാണേണിയിരിക്കുന്നു. ഇതിന്റെ ഓർമ്മക്കായി ദീർഘകാലം തിരുവമ്പാടി നിയോജമണ്ഡലത്തെ പ്രതിനിധീകരിക്കുകയും തിരുവമ്പാടി പ്രാദേശീക സർക്കാറിൻ്റെ ആസ്ഥാനമായ ഗ്രാമ പഞ്ചായത്ത് ഓഫീസിന് കെട്ടിടം പണിയാൻ ഫണ്ട് അനുവദിക്കുകയും ചെയ്ത  മുൻ എം.എൽ.എ സി.മോയിൻകുട്ടിയുടെ ഓർമക്കായി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ നവീകരിച്ച് നാമകരണം ചെയ്യാനായി 15 ലക്ഷം രൂപ വകയിരുത്തുന്നു.


*ലഹരിയിൽ വീഴാത്ത  ഗ്രാമം...* 
*സൗഹൃദ വാഴുന്ന ഗ്രാമം...*

എൻ്റെ സുന്ദര തിരുവമ്പാടി

മനുഷ്യന്റെ ബോധ മണ്ഡലത്തിൽക്കടന്നു മയക്കമോ ഉത്തേജനമോ സൃഷ്ട്ടിക്കുവാൻ കഴിവുള്ള രാസവസ്തുക്കളായ ലഹരിവസ്തുക്കൾ സാമൂഹത്തിലെ യുവതയെ കാർന്നുതിന്നുകയാണ്. ലോകത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ലഹരി വസ്തു പുകയിലയാണ്. മദ്യവും കഞ്ചാവും കറുപ്പും മോർഫിനും പെത്തടിനും മറ്റു ചില രാസവസ്തുക്കളും ലഹരിക്കായി ഉപയോഗിച്ച് വരുന്നു. ഏതുതരത്തിൽ ഉള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചാലും ശാരീരികമായും മാനസികമായും ഉള്ള പല പ്രശ്നങ്ങൾക്കും അതിലൂടെ മാനവൻ്റെ ചോര ചിന്തി സമാധാനം തകർക്കുന്നതിനും കാരണമാകുന്നെന്ന്   യുവ സാമൂഹത്തെ ബോധ്യപെടുത്തി മുന്നോട്ട് പോകേണ്ടതുണ്ട്.

മനുഷ്യനെ ശാരീരികമായും മാനസികമായും തകർക്കുന്ന സാമൂഹ്യ വിപത്താണ് ലഹരി.

തലച്ചോറിനേയും, ഹൃദയത്തേയും അപകടകരമായ രീതിയിൽ ബാധിക്കുന്ന ഒരു മാരക മയക്ക് മരുന്നുകളാണ് ഇന്ന് വിപണിയിൽ എത്തുന്നത്. ഗ്രാമത്തെ ലഹരി മുക്തമാക്കുന്നതിനായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കായി 5 ലക്ഷം രൂപ വകയിരുത്തുന്നു.

മേൽ പറഞ്ഞ പ്രകാരമുള്ള തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ 2025 -26 വാർഷിക ബജറ്റ്   സമർപ്പിക്കുന്നു

 

  • ബജറ്റ് 2025-2026